News

കുടുംബങ്ങളുടെ നന്മയ്ക്ക് അജപാലനപരമായ അനുധാവനത്തിനു സഭയുണ്ടാകും: മാര്‍ ആലഞ്ചേരി

കൊച്ചി: കുടുംബങ്ങളുടെ നവീകരണത്തിനും നന്മയ്ക്കുമായി അജപാലനപരമായ അനുധാവനമാണു സഭ നടത്തുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

തിന്മയിലേക്കു വീഴുന്നവര്‍ക്കു മടങ്ങിവരാനും അവരെ സ്വീകരിക്കാനും സഭയില്‍ ഇടമുണ്ട്. വിശ്വാസ, സാമൂഹ്യ വിഷയങ്ങളില്‍ അധികാരത്തിന്റേതല്ല, സ്നേഹത്തിന്റെ ഭാഷയാണു സഭയ്ക്കു പങ്കുവയ്ക്കാനുള്ളതെന്നും കത്തോലിക്കാസഭയുടെ 14-ാമത്തെ സാധാരണ സിനഡിന്റെ ജനറല്‍ അസംബ്ളിയില്‍ പങ്കെടുത്തശേഷം റോമില്‍ നിന്നു മടങ്ങിയെത്തിയ മാര്‍ ആലഞ്ചേരി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. 

സിനഡില്‍ ഉരുത്തിരിഞ്ഞ രണ്ടു പ്രധാനപ്പെട്ട ആശയങ്ങള്‍ അജപാലനപരമായ അനുധാവനവും വിവാഹ ഒരുക്കപരിശീലനവുമാണ്. കുടുംബങ്ങളുടെ വിശ്വാസ, സന്മാര്‍ഗ പരിശീലനത്തില്‍ സഭ എപ്പോഴും അതീവശ്രദ്ധാലുവാണ്. കുട്ടികള്‍, കൌമാരപ്രായക്കാര്‍, യുവജനങ്ങള്‍, വിവാഹാര്‍ഥികള്‍, മാതാപിതാക്കള്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവര്‍ക്കും അജപാലകര്‍ ഉചിതമായ പരിശീലനം നല്‍കേണ്ടതുണ്ട്. 

ആധുനികലോകത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് 2014 ഒക്ടോബറില്‍ രണ്ടാഴ്ച നീണ്ടുനിന്ന അസാധാരണ സിനഡ് നടന്നിരുന്നു. ഈ സിനഡില്‍ കണ്െടത്തിയ വെല്ലുവിളികള്‍ക്കു പ്രതിവിധികള്‍ കണ്െടത്താന്‍ വേണ്ടിയാണ് ഇത്തവണത്തെ സിനഡ്, ആധുനികലോകത്തില്‍ കുടുംബങ്ങളുടെ വിളിയും ദൌത്യവും എന്ന പ്രമേയം സ്വീകരിച്ചത്. 

സിനഡ് അംഗീകരിച്ച പ്രമാണരേഖ ഓരോ നിര്‍ദേശത്തിനും ലഭിച്ച അനുകൂല-പ്രതികൂല വോട്ടുകളോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ നിര്‍ദേശവും ഓരോ ഖണ്ഡികയായിട്ടാണ് എഴുതിയിരിക്കുന്നത്. സിനഡിന്റെ ചിന്താധാര അപ്പാടെ ദൈവജനവും ലോകവും അറിയട്ടെ എന്നതാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. ഇനി സിനഡിന്റെ തീരുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി സഭയുടെ ഔദ്യോഗികമായ പ്രബോധനങ്ങള്‍ പാപ്പായുടെ അപ്പസ്തോലിക പ്രബോധനം വഴിയോ മോത്തുപ്രോപ്രിയാവഴിയോ സഭാകാര്യാലയങ്ങളുടെ പ്രബോധനങ്ങള്‍ വഴിയോ പുറത്തുവരും. 

മൂന്നു വിഷയങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്നതു സംബന്ധിച്ചു പിതാക്കന്മാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നു. വിവാഹത്തിനു മുമ്പുള്ള കൂടിത്താമസം, കൌദാശികവിവാഹം സ്വീകരിച്ചവര്‍ വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്ന അവസ്ഥ, സ്വവര്‍ഗ ബന്ധം. ഇവയെല്ലാം പാശ്ചാത്യ രാജ്യങ്ങളിലാണു പ്രധാന പ്രശ്നങ്ങളായിരിക്കുന്നത്. സ്വവര്‍ഗാനുരാഗികളെ എതിര്‍വര്‍ഗ സ്നേഹത്തിലേക്കു കൌണ്‍സിലിംഗ് വഴി കൊണ്ടുവരാനാണു ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത്. സ്വവര്‍ഗ വിവാഹങ്ങളെ സഭ അംഗീകരിക്കുന്നില്ല. ക്രിസ്തീയവിവാഹം പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമാണ്.

വിവാഹമോചനം നേടി വീണ്ടും വിവാഹം ചെയ്യുന്നവരെ സഭാസമൂഹത്തില്‍ ചേര്‍ത്തു നിര്‍ത്തണമെന്നതുമാത്രമാണു സിനഡിന്റെ അഭിപ്രായം. അതിന് ഓരോ വ്യക്തികളുടെ കാര്യത്തിലും അജപാലകര്‍ അതതു രൂപതകളിലെ മെത്രാന്മാരുടെ മാര്‍ഗദര്‍ശനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന ആശയമാണു സിനഡ് മുന്നോട്ടുവയ്ക്കുന്നത്. വിവാഹത്തിനുമുമ്പു കൂടിത്താമസിക്കുന്നവരെ അജപാലനസമീപനങ്ങള്‍വഴി വിവാഹമെന്ന കൂദാശയിലേക്ക് ആനയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഏഴ് ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളും ആംഗ്ളിക്കന്‍, ലൂഥറന്‍, മെത്തഡിസ്റ് സഭകളുടെ ഓരോ പ്രതിനിധിയും സൌഹൃദാംഗങ്ങളായി സംബന്ധിച്ചിരുന്നു എന്നതു സിനഡിന്റെ പ്രത്യേകതയായി. ഓര്‍ത്തഡോക്സ് സഭകളെല്ലാം വിവാഹത്തിന്റെ അവിഭാജ്യത കത്തോലിക്കാസഭയെപ്പോലെതന്നെ കാത്തുസൂക്ഷിക്കുന്നവരാണ്. 

അല്മായര്‍ക്കും കുടുംബത്തിനും വേണ്ടി ഉണ്ടായിരുന്ന പ്രത്യേക പൊന്തിഫിക്കല്‍ കൌണ്‍സിലുകളെയും മനുഷ്യജീവനുവേണ്ടിയുള്ള അക്കാദമിയെയും കൂട്ടിച്ചേര്‍ത്ത് പുതിയൊരു കാര്യാലയം രൂപവത്കരിക്കുമെന്ന് ഫ്രാന്‍സീസ് പാപ്പാ സിനഡിന്റെ സമാപന സമ്മേളനത്തിനുമുമ്പായി പ്രഖ്യാപിച്ചു. ഇന്ത്യയിലും കേരളസഭയിലും ഈ മാതൃകയില്‍ കമ്മീഷനുകള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രോ ലൈഫ് മൂവ്മെന്റ് സഭയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സിനഡിലെ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും സീറോ മലബാര്‍ സഭയിലെ രൂപതകളിലും മറ്റു വേദികളിലും കൂടുതല്‍ പഠനവിധേയമാക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, സീറോ മലബാര്‍ സഭ വക്താക്കളായ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, സിജോ പൈനാടത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെയും പിഒസിയിലെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുമായി സിനഡിന്റെ ആശയങ്ങള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കുവച്ചു.

Posted on : 30-October-2015