News

ക്രൈസ്തവ പീഡനം: പരിഹാര പ്രാര്‍ഥനാറാലികളില്‍ പതിനായിരങ്ങള്‍

 

ക്രൈസ്തവ വിശ്വാസത്തെപ്രതി ലോകത്താകമാനം പീഡിപ്പിക്കപ്പെടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, അതിരമ്പുഴ, ചങ്ങനാശേരി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാദിനാചരണത്തിലും പരിഹാര റാലിയിലും പതിനായിരക്കണക്കിന് വിശ്വാസികള്‍ അണിചേര്‍ന്നു. മുദ്രാവാക്യങ്ങളില്ലാതെ പ്രാര്‍ഥനാനിര്‍ഭരമായി ക്രൈസ്തവ ചൈതന്യത്തോടെ വിശുദ്ധ കുരിശിന്റെ വഴിയിലൂടെ നടന്ന പരിഹാരറാലി തികച്ചും പുതുമയായി. 

ചങ്ങനാശേരിയില്‍ പരിഹാര പ്രാര്‍ഥനാദിനാചരണം ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ആരാധനയോടെ ആരംഭിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പരിഹാരറാലി ഉദ്ഘാടനം ചെയ്തു. ലോകത്തെ വിശുദ്ധീകരിക്കാന്‍ വിളിക്കപ്പെട്ടവരാണു ക്രൈസ്തവരെന്നും ഈശോ പകര്‍ന്ന സുവിശേഷ വെളിച്ചം ഇരുളടഞ്ഞ ഹൃദയങ്ങളിലെത്തിച്ചു പ്രകാശം പകരാന്‍ നമുക്കു കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. തിന്മയെ നന്മകൊണ്ട് നേരിടണമെന്ന ഈശോയുടെ വചനം നാം ഹൃദയങ്ങളില്‍ ഉള്‍ക്കൊള്ളണം. ദൈവം കൂടെയുള്ള സമൂഹമെന്ന നിലയില്‍ തിന്മകളില്‍ നിന്നും അകന്നു നില്‍ക്കാനും സമൂഹത്തില്‍ നിന്നും ഇത്തരം തിന്മകളെ ഉന്മൂലനം ചെയ്യാനും ക്രൈസ്തവര്‍ക്ക് കഴിയണം. മദ്യം, മയക്കുമരുന്ന്, അക്രമം, കൊലപാതകം, കുടുംബശൈഥില്യം, ഭീകരത, ഭ്രൂണഹത്യ തുടങ്ങിയ തിന്മകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള ശത്രുതയും വെല്ലുവിളികളും പാടില്ല. ഈ നോമ്പുകാലം ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും പരിത്യാഗത്തിലൂടെയും വിശുദ്ധീകരിക്കപ്പെടണമെന്നും ആര്‍ച്ച് ബിഷപ് ഉദ്ബോധിപ്പിച്ചു. ഫാ.ബിജി കോയിപ്പള്ളി ആരാധന നയിച്ചു. തുടര്‍ന്നു പാറേല്‍പള്ളിയില്‍ നിന്നു മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു നടന്ന പരിഹാരറാലിയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കരിശു വഹിച്ചുകൊണ്ട് പങ്കെടുത്തു. ബൈപ്പാസ്ജംഗ്ഷന്‍, അരമനപ്പടി വഴി സെന്‍ട്രല്‍ജംഗ്ഷനിലൂടെ അഞ്ചിന് റാലി മെത്രാപ്പോലീത്തന്‍പള്ളി അങ്കണത്തില്‍ എത്തിച്ചേര്‍ന്നു. പ്രാര്‍ഥന നിര്‍ഭരമായി പരിഹാര റാലി ചിട്ടയോടെ നീങ്ങിയത് ക്രൈസ്തവസാക്ഷ്യത്തിന്റെ പ്രകടനമായിരുന്നു. തൃക്കൊടിത്താനം, കുറുമ്പനാടം, നെടുംകുന്നം, മണിമല ഫൊറോനകളില്‍ നിന്നുള്ള മുപ്പതിനായിരത്തോളം വിശ്വാസകള്‍ ഫൊറോന, ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ റാലിയില്‍ പങ്കെടുത്തു. 

തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് സമാപന സന്ദേശം നല്‍കി. വചനം സ്വീകരിച്ചു കുരിശിന്റെ വഴികളിലൂടെ തിന്മകളുടെ ശക്തിയെ പ്രതിരോധിക്കാന്‍ സഭാമക്കള്‍ക്കു കഴിയണമെന്നും പീഡനത്തിനു മുമ്പില്‍ മൌനമായി പ്രാര്‍ഥിക്കാന്‍ സാധിക്കണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിശുദ്ധ കുര്‍ബാനയോടെ പ്രാര്‍ഥനാദിനാചരണം സമാപിച്ചു. ഫൊറോനവികാരിമാരായ ഫാ.തോമസ് തുമ്പയില്‍, റവ.ഡോ.സേവ്യര്‍ ജെ.പുത്തന്‍കളം, ഫാ.ചാക്കോ പുതിയാപറമ്പില്‍, ഫാ.ആന്റണി നെരയത്ത്, അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ഫിലിപ്പ് തയ്യില്‍, ചാന്‍സിലര്‍ ഫാ.ടോം പുത്തന്‍കളം, പാറേല്‍പള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട്, ഫാ. ജോബി കറുകപ്പറമ്പില്‍, ഫാ.ബെന്നി കുഴിയടിയില്‍, ഫാ.ജോര്‍ജ് വല്ലയില്‍, ഫാ.ടെജി പുതുവീട്ടിക്കളം, ഫാ.സന്തോഷ് തര്‍മശേരി, ഫാ.കുര്യന്‍ മൂലയില്‍, പിആര്‍ഒ പ്രഫ.ജെ.സി.മാടപ്പാട്ട്, പാസ്ററല്‍ കൌണ്‍സില്‍ അസിസ്റന്റ് സെക്രട്ടറി ജോസഫ് മറ്റപ്പറമ്പില്‍, പാസ്ററല്‍ കൌണ്‍സിലംഗങ്ങള്‍, ഫൊറോനസെക്രട്ടറിമാര്‍, വിവിധസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപി, സി.എഫ്.തോമസ് എംഎല്‍എ തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.


Source: http://deepika.com/ucod/

Posted on : 04-March-2015