മെൽബൺ രൂപത ദ്വിതീയ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനായി

മെൽബൺ രൂപത ദ്വിതീയ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനായി

മെൽബൺ: പരിശുദ്ധ ദൈവമാതാവിന്റെ സന്ദർശന തിരുന്നാൾ ദിനമായ മെയ് 31(ബുധനാഴ്ച) മെൽബണിലെ ക്യാമ്പെൽഫീൽഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് (ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ്) മെത്രാഭിഷേക ചടങ്ങുകൾ നടന്നത്‌. വൈകീട്ട് 4.45ന് ബഹുമാനപ്പെട്ട മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. മെൽബൺ രൂപത മെത്രാൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിച്ചു. മാർ ജോൺ പനന്തോട്ടത്തിലിനെ മെൽബൺ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ടുള്ള പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് ഓസ്‌ട്രേലിയായിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ വായിച്ചു. തുടർന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത്‌ സംസാരിച്ച മേജർ ആർച്ച് ബിഷപ്പ്‌ കർദ്ദിനാൾ ജോർജ്ജ്‌ ആലഞ്ചേരി, മെൽബൺ സീറോ മലബാർ രൂപത സ്ഥാപിക്കാനായി എല്ലാ സഹായവും ചെയ്തു തന്ന ഓസ്ട്രേലിയൻ കാത്തലിക്‌ ബിഷപ്സ്‌ കോൺഫ്രൻസിനും പ്രത്യേകിച്ച്‌ അന്തരിച്ച മുൻ സിഡ്നി ബിഷപ്പ്‌ ജോർജ്ജ്‌ പെല്ലിനും മെൽബൺ ബിഷപ്പായിരുന്ന ഡെന്നീസ്‌ ഹാർട്ടിനും നന്ദി പറഞ്ഞു. സിഡ്നിയിലും റോമിലും വച്ച്‌ ഓസ്ട്രേലിയൻ ബിഷപ്സ്‌ കോൺഫ്രൻസിൽ തനിക്ക്‌ ലഭിച്ച ഹൃദ്യമായ സ്വീകരണം മറക്കാനാവാത്തത്‌ ആണെന്ന് പിതാവ്‌ അനുസ്മരിച്ചു. ഇന്ന് ഈ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇവിടെ എത്തിച്ചേർന്ന ഓസ്ട്രേലിയൻ ബിഷപ്സിന്റെ നിറസാന്നിദ്ധ്യം തന്നെ മെൽബൺ സീറോ മലബാർ രൂപതയെ കുറിച്ചുള്ള അവരുടെ കരുതലിന്റെ മകുടോദാഹരണമാണ്‌ . കഴിഞ്ഞ ഒൻപതു വർഷം കൊണ്ട്‌ ഈ രൂപതയെ ഒത്തിരിയേറെ നന്മകളിലേക്ക്‌ നയിച്ച ബോസ്കോ പുത്തൂർ പിതാവിനെയും പിതാവിന്റെ വലംകൈയ്യായി നിന്ന് പ്രവർത്തിച്ച മോൺസിഞ്ഞോർ ഫ്രാൻസിസ്‌ കോലഞ്ചേരിയെയും പിതാവ് പ്രത്യേകം അഭിനന്ദിച്ചു . സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ച തിരുക്കർമ്മങ്ങളിൽ ബിഷപ്പ്‌ ബോസ്‌കോ പുത്തൂർ, താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി തിരുക്കർമ്മങ്ങളിൽ ആർച്ച് ഡീക്കനായി പങ്കെടുത്തു. മെത്രാഭിഷേക തിരുക്കർമ്മങ്ങൾക്ക് ശേഷം മാർ ജോൺ പനന്തോട്ടത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപിച്ച വിശുദ്ധ കുർബാനയിൽ ബിഷപ്പ്‌ ബോസ്‌കോ പുത്തൂർ, ബിഷപ്പ്‌ റെമിജിയൂസ് ഇഞ്ചനാനിയിൽ , മെൽബോൺ രൂപത വികാരി ജനറാൾ മോൺ ഫ്രാൻസിസ് കോലഞ്ചേരി , സി.എം.ഐ സഭ വികാരി ജനറൽ ഫാ ജോസി താമരശ്ശേരി സി.എം.ഐ എന്നിവർ സഹകാർമ്മികരായി. ബ്രിസ്‌ബെൻ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർക്ക് കോൾറിഡ്ജ് പിതാവ് വചനസന്ദേശം നല്കി. വിശുദ്ധ കുർബാനക്കും സ്ഥാനാരോഹണ ചടങ്ങിനും ശേഷം നടന്ന യാത്രയപ്പ് ചടങ്ങിൽ വച്ച് രൂപതയുടെ ഉപഹാരമായി ബോസ്‌കോ പുത്തൂർ പിതാവിന്, മോൺ. ഫ്രാൻസിസ് കോലഞ്ചേരി, പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ, പാസ്റ്ററൽ കൗൺസിൽ അംഗം എൽസി ജോയി എന്നിവർ ചേർന്ന് മൊമെന്റൊ സമ്മാനിച്ചു. തുടർന്ന് മാർ ബോസ്‌കോ പുത്തൂർ പിതാവും മാർ ജോൺ പനന്തോട്ടത്തിൽ പിതാവും ചടങ്ങുകൾക്ക് നന്ദി അർപ്പിച്ചു.മാർ ബോസ്‌കോ പുത്തൂർ പിതാവിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രസിദ്ധികരിക്കുന്ന സുവനീറിന്റെപ്രകാശനകർമ്മം മോൺ .ഫ്രാൻസിസ് കോലഞ്ചേരിയും സുവനീർ കമ്മിറ്റി കൺവീനർ ഗവീൻ ജോർജ് എന്നിവർ ചേർന്ന് ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റും പെർത്ത് അതിരൂപത ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ തിമോത്തി കോസ്റ്റെല്ലൊക്ക്‌ നൽകികൊണ്ട് നിർവ്വഹിച്ചു.പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ജോബി ഫിലിപ്പ് കൃതഞ്ജത അർപ്പിച്ചു. ചിക്കാഗോ രൂപതാധ്യക്ഷൻ ബിഷപ്പ്‌ ജോയ്‌ ആലപ്പാട്ട്‌, യുറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ജഗദൽപ്പൂർ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ഉൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള 30 ഓളം ബിഷപ്പുമാരും മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന മുഴുവൻ വൈദികരും ഓസ്‌ട്രേലിയയിലും ന്യുസിലാൻഡിലും മറ്റു രൂപതകളിൽ സേവനം അനുഷ്ഠിക്കുന്ന മലയാളി വൈദികരും രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തോളം അത്മായരും സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചു. വിക്‌ടോറിയ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ എംപി, ബ്രോണ്‍വിന്‍ ഹാഫ്‌പെന്നി എംപി എന്നിവർ ഉൾപ്പെടെ ഓസ്‌ട്രേലിയയിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

അല്‍ഫോന്‍സാമ്മ സമയത്തിനു വിലകൊടുത്തവള്‍: മാര്‍ ബോസ്കോ പുത്തൂര്‍

ഭരണങ്ങാനം: ഏതൊരാള്‍ക്കും ജീവിതത്തിലെ വിലപ്പെട്ട സമ്പത്തായി ദൈവം അനുവദിച്ചുതന്നിരിക്കുന്നതു സമയമാണെന്നും ദൈവം തന്ന ഈ ദാനം വേണ്ടവിധം മനസിലാക്കുകയും ബോധപൂര്‍വം വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജീവിതത്തില്‍ വിജയം വരിക്കുന്നതെന്നും മാര്‍ ബോസ്കോ പുത്തൂര്‍. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്ര ദേവാലയത്തില്‍ ദശസംഗമം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍.

 

വിശുദ്ധ അല്‍ഫോന്‍സാമ്മ ചുരുങ്ങിയ കാലമേ ലോകത്തില്‍ ജീവിച്ചിരുന്നുള്ളൂ, വെറും മുപ്പത്തിയാറുവര്‍ഷം. എന്നാല്‍, അതു തന്റെ ജീവിതത്തില്‍ ദൈവതിരുമനസ് നിറവേറ്റാനുള്ള സമയമാണെന്ന് അല്‍ഫോന്‍സാമ്മ തിരിച്ചറിഞ്ഞു. തനിക്കു കിട്ടിയ സമയം മുഴുവന്‍ ദൈവത്തെ സ്നേഹിച്ചു. പരാതി പറഞ്ഞില്ല. പരിഭവം ഇല്ലാതെ കിട്ടിയ അവസരങ്ങളെ പരോപകാരപ്രദമായി പ്രയോജനപ്പെടുത്തി. അതിനാല്‍ ദൈവം അവളുടെ വിശുദ്ധിയെ അംഗീകരിച്ചു-മാര്‍ ബോസ്കോ പുത്തൂര്‍ കൂട്ടിച്ചേര്‍ത്തു.

 

അല്‍ഫോന്‍സാമ്മയുടെ ജീവിതത്തോടു ബന്ധപ്പെട്ട ദിവസങ്ങളെ കണക്കിലെടുത്തു തീര്‍ഥാടനകേന്ദ്രത്തില്‍ പുതുവര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യംവച്ചുള്ള ദശസംഗമം മാര്‍ ബോസ്കോ പുത്തൂര്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയയിലെ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലാണെന്നു മാര്‍ ബോസ്കോ പുത്തൂര്‍ പറഞ്ഞു.

മറ്റുള്ളവരെ ആശ്വസിപ്പിക്കാനായിട്ട് നമുക്ക് സാധിക്കുക. മറ്റുള്ളവരുടെ വൃണങ്ങള് വച്ചുകെട്ടാനായിട്ട്സാധിക്കുക: ബിഷപ്പ് ബോസ്‌കോ പുത്തൂർ.

മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,
Christ is Risen; He is truley risen, Hallelujah, halleljah, halleljah. ഇങ്ങനെയാണ് ആദിമക്രൈസ്തവർ പരസ്പരം അഭിവാദനം ചെയ്തിരുന്നത്. മിശിഹാ ഉയിർത്തെഴുന്നേറ്റു. അവൻ സത്യമായിട്ടും ഉയിർത്തെഴുന്നേറ്റു. ഹാലേലൂയ, ഹാലേലൂയാ, ഹാലേലൂയ. ആണ്ടുവട്ടത്തിലെ ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും വലിയ പുണ്യദിനങ്ങളായ പെസഹാ ത്രിദിനങ്ങളിലൂടെയാണ് നമ്മൾ കടന്നുപോയത്. അതിനു പരിസമാപ്തിയായിരിക്കുന്ന നമ്മുടെ കർത്താവും രക്ഷകനുമായിരിക്കുന്ന ഈശോമിശിഹായുടെ ആ ഉത്ഥാനതിരുന്നാള്, ആ വലിയ തിരുന്നാള് നമ്മൾ ആചരിക്കുന്ന ഈ അവസരത്തിൽ ഉയിർപ്പുതിരുന്നാളിന്റെഎല്ലാ അനുഗ്രഹങ്ങളും മംഗളങ്ങളും ഏറ്റവും ഹൃദ്യമായിട്ട് ഞാൻ നിങ്ങൾക്ക് ആശംസിക്കുകയാണ്.
എന്താണ് ഉയിർപ്പുതിരുന്നാൾ നമുക്ക് നല്കുന്ന സന്ദേശം ? പ്രിയപ്പെട്ടവരെ, സുവിശേഷത്തിൽ ഉയിർപ്പിനെപ്പറ്റി പറയുന്ന ആ ഭാഗങ്ങൾ നമ്മൾ നോക്കുകയാണെങ്കിൽ ആ സന്ദേശംവളരെ മനോഹരമായിട്ട് നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഈശോയുടെ കുരിശ് മരണത്തിന് ശേഷം, അവിടുത്തെ കല്ലറയിലാക്കിയതിനു ശേഷം പിറ്റേ ദിവസം അതിരാവിലെ ഭക്തജനങ്ങൾ കല്ലറയിലേക്ക് ചെന്നപ്പോൾ ദൈവദൂതൻ പറഞ്ഞു, ഭയപ്പെടേണ്ട ക്രൂശിതനായ ക്രിസ്തുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം, അവൻ ഇവിടെയില്ല, അവൻ അരുൾചെയ്തതുപോലെ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നെന്ന ആ വലിയ സന്തോഷത്തിന്റെ, പ്രത്യാശയുടെ സന്ദേശമാണ്, ഉയിർപ്പുതിരുന്നാളിന്റെ ഏറ്റവും വലിയ സന്ദേശം. അതാണ് നമ്മുടെ ക്രൈസ്തവവിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും പ്രിയപ്പെട്ടവരെ. ഈശോയെ കണ്ട ആ സ്ത്രീകളോട് ഈശോ പറയുകയാണ്, നിങ്ങൾ ഇവിടെ തമ്പടിച്ച് നില്ക്കരുത്, എന്റെ ശിഷ്യന്മാരുടെ അടുത്ത്, സഹോദരങ്ങളുടെ അടുത്ത് ചെന്ന് ഞാൻ ഉയിർത്തെഴുന്നേറ്റു എന്ന സന്ദേശം അറിയിക്കുവിൻ എന്ന് ഈശോ പറയുകയാണ്. അവർ ഓടി, ശിഷ്യന്മാരേ അറിയിച്ചപ്പോള് ശ്ലീഹന്മാരിൽ രണ്ട് പേര് പത്രോസ് ശ്ലീഹായും യോഹന്നാൻ ശ്ലീഹായും ഓടി കല്ലറയിലേക്ക് വരികയാണ്. അവര് കല്ലറയിലേക്ക് പ്രവേശിച്ച് ഈശോ യഥാർത്ഥത്തില് മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്തതെന്ന് വിശ്വസിക്കുന്നതാണ് നാം കണ്ടത്. അവിടെ ചെന്ന് മറ്റുള്ള ശ്ലീഹന്മാരെ അറിയിക്കുന്നു.അവരെല്ലാവാരും സന്തോഷഭരിതായി തീരുന്നു. മാത്രമല്ലാ, അവർ ലോകമെങ്ങും പോയി ആ വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത അറിയിക്കുന്നതാണ് ക്രൈസ്തവവിശ്വാസത്തിന്റെ സുവിശേഷ സന്ദേശമെന്ന് പറയുന്നത്. തോമാശ്ലീഹാ, ശ്ലീഹന്മാരെ, ആദ്യം ഈശോയെ കണ്ട അവസരത്തില് കൂട്ടത്തിൽ ഇല്ലായിരുന്നു എന്ന് സുവിശേഷം പറയുന്നുണ്ട്. പിന്നീട് തോമാശ്ലീഹായും കൂടി ഉണ്ടായിരുന്നപ്പോൾ കർത്താവ് പ്രത്യക്ഷപ്പെട്ട് തോമായെ വിളിച്ച് തന്റെ തിരുവിലാവിൽ തൊടാനായിട്ട് ആവശ്യപ്പെടുന്നത് നാം കാണുന്നുണ്ട്. എന്നിട്ട് തോമാശ്ലീഹാ എന്താണ് പറയുന്നത് ? എന്റെ കർത്താവേ എന്റെ ദൈവമേ എന്ന്. ഉത്ഥിതനായിരിക്കുന്ന ഈശോയെ നമ്മൾ കാണുകയും അനുഭവിക്കുകയും ആ ഈശോയെ, ഞാൻ, നമ്മളുടെ കർത്താവും രക്ഷകനുമായിട്ട് ഏറ്റുപറയുകയും ചെയ്യുന്നതാണ് ഉത്ഥാനത്തിന്റെ ഏറ്റവും വലിയ സന്ദേശം. അതാണ് ക്രൈസ്തവ വിശ്വാസം എന്നു പറയുന്നത്.തോമാശ്ലീഹായോട് കർത്താവ് പറഞ്ഞു. നീ കണ്ടതു കൊണ്ട് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. പ്രിയപ്പെട്ടവരെ, എങ്ങനെയാണ് നാം കാണാതെ വിശ്വസിക്കുക ? അങ്ങനെ ഈ പെസഹാ ത്രിദിനത്തിന്റെ ആദ്യത്തെ ദിവസമായിരിക്കുന്ന പെസഹാ വ്യാഴാഴ്ചയിൽ സംഭവിക്കുന്ന കാര്യങ്ങളിലേക്ക് നമ്മൾ ഒന്ന് ശ്രദ്ധ തിരിച്ചാൽ മതി. സുവിശേഷകൻ പറയുകയാണ്, ഈശോയെപ്പറ്റി, ഈ ലോകം വിട്ട് പിതാവിന്റെ പക്കലേക്ക്, പോകാനുള്ള സമയമായി എന്ന് അവൻ അറിഞ്ഞു. അവൻ തനിക്കുള്ളവരെ സ്‌നേഹിച്ചു, അവസാനം വരെ സ്‌നേഹിച്ചു, എന്നിട്ട് എന്താണ് ചെയ്തത്; അവരുടെ പാദങ്ങൾ കഴുകി. ശുശ്രൂഷയുടെ, സേവനത്തിന്റെ മാതൃക നല്കി. അതിനുശേഷം സ്‌നേഹത്തിന്റെ വലിയ കൂദാശയായ വിശുദ്ധ കുർബാന സ്ഥാപിച്ച് അവരോട് പറഞ്ഞു. നിങ്ങളെല്ലാവാരും ഒരുമിച്ച് കൂടുമ്പോൾ എന്റെ ഓർമ്മക്കായി ഇതു ചെയ്യുവിൻ എന്ന്. ശുശ്രൂഷ വഴിയായിട്ട്, മറ്റുള്ളവരെ സഹായിക്കുമ്പോള്, വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് ഈശോയുടെ തിരുസാന്നിധ്യം നമ്മൾ അനുഭവിക്കുമ്പോള്, തോമാശ്ലീഹായെപ്പോലെ നമുക്കും പറയാൻ സാധിക്കും, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന്. ഒരുകാര്യം കൂടി നമ്മൾ ചിന്തിക്കേണ്ടതുണ്ട്. പെസഹാ ത്രിദിനങ്ങളിലെ, രണ്ടാമത്തെ ദിവസമായിരിക്കുന്ന ദുഃഖവെള്ളിയാഴ്ച എന്താണ് സംഭവിച്ചത്. ശിഷ്യന്മാര് കരുതി, ഈ ലോകത്തിലെ പ്രഭുവായിട്ട്, ദാവീദിനെപ്പോലെ വലിയ രാജാവായിട്ട് സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കുന്ന ഒരുവനായിരിക്കും മിശിഹാ എന്നതായിരുന്നു. പക്ഷെ, ഈശോയുടെ സിംഹാസനം അവിടുത്തെ കുരിശായിരുന്നു. അവിടുത്തെ കിരീടം എന്നു പറയുന്നത്, മുൾകിരീടമായിരുന്നു. വളരെ വ്യത്യസ്തമായിരിക്കുന്ന അനുഭവത്തിലൂടെയാണ് മിശിഹാ കടന്നു പോയത്. സഹനത്തിന്റെ, വേദനയുടെ, ദുഃഖത്തിന്റെ, പരിത്യക്തയുടെ , അവസാനം കുരിശുമരണത്തിന്റെ. പ്രിയപ്പെട്ടവരെ നമ്മുടെ ജീവിതത്തിലും ഉത്ഥിനായിരിക്കുന്ന ഈശോയെ നമ്മൾ കണ്ടുമുട്ടണമെങ്കില് ജീവിതത്തിലുണ്ടാകുന്ന തിക്തമായിരിക്കുന്ന, നിഷേധാത്മകമായിരിക്കുന്ന, വേദനയുടെ, സഹനത്തിന്റെ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴ്, നിരാശരാകാതെ ഈശോയെ നമ്മൾ അനുകരിക്കുവാൻ സാധിക്കുമ്പോഴാണ്, ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നെങ്കില് അവൻ സ്വയം പരിത്യജിച്ച് അനുദിനം കുരിശ്‌മെടുത്ത് എന്റെ പിന്നാലെ വരട്ടെ എന്ന് നമ്മെ ആഹ്വാനം ചെയ്ത ആ മിശിഹായാണ് നമ്മുടെ കർത്താവും രക്ഷകനുമായിട്ട് ഉയിർക്കുന്ന ഈ ഉയിർപ്പ് ദിനം നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. പ്രിയപ്പെട്ടവരെ നമ്മുടെ അനുദിനജീവിതത്തില് ഈശോയെ കണ്ടുമുട്ടാൻ നമുക്ക് സാധിക്കണമെങ്കില് ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞതുപ്പോലെ ഇന്ന് വൃണിതനായിരിക്കുന്ന മിശിഹായുടെ വൃണത്തിൽ സ്പർശിച്ചുകൊണ്ട്, തോമാശ്ലീഹായെപ്പോലെ ആ വൃണങ്ങളില് ഈശോയുടെ വൃണത്തെ തിരിച്ചറിഞ്ഞുകൊണ്ട് എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് ഏറ്റുപറയാനായിട്ട് നമുക്ക് സാധിക്കണം. മറ്റുള്ളവരുടെ കാലുകഴുകാനായിട്ട് നമുക്ക് സാധിക്കുക. മറ്റുള്ളവരുടെ വേദനകളില് അവരോട് ഒപ്പം നില്ക്കാനായിട്ട് നമുക്ക് സാധിക്കുക. മറ്റുള്ളവരെ ആശ്വസിപ്പിക്കാനായിട്ട് നമുക്ക് സാധിക്കുക. മറ്റുള്ളവരുടെ വൃണങ്ങള് വച്ചുകെട്ടാനായിട്ട്സാധിക്കുക. അപ്പോഴ്,അപ്പോഴ് നമ്മുടെ ജീവിതത്തിലും വേദനയുടെയും ദുഃഖത്തിന്റെയും അനുഭവത്തിലൂടെ നമ്മൾ ആണ്ടുപോകുമ്പോഴ് പ്രത്യാശയുടെ ഉയിർപ്പിന്റെ ആ വലിയ സന്തോഷം അനുഭവിക്കാനായിട്ട് നമുക്ക് എല്ലാവർക്കും സാധിക്കും. എല്ലാവർക്കും ഒരിക്കൽ കൂടെ ഈ മഹാദിനത്തിന്റെ ഉയിർപ്പ് തിരുന്നാളിന്റെ മംഗളങ്ങളും അനുഗ്രങ്ങളും ആശംസിക്കുന്നു. ഈശോയുടെ സമാധാനം നമ്മുടെ ഹൃദയങ്ങളില് നമ്മുടെ കുടുംബങ്ങളില്, നമ്മുടെ ഭവനങ്ങളില്, നമ്മുടെ സമൂഹത്തില് നിറഞ്ഞു നില്ക്കാൻ ഇടവരുത്തട്ടെ. ദൈവം നമ്മളെല്ലാവരെയും സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ.