Skip to content

മറ്റുള്ളവരെ ആശ്വസിപ്പിക്കാനായിട്ട് നമുക്ക് സാധിക്കുക. മറ്റുള്ളവരുടെ വൃണങ്ങള് വച്ചുകെട്ടാനായിട്ട്സാധിക്കുക: ബിഷപ്പ് ബോസ്‌കോ പുത്തൂർ.

മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,
Christ is Risen; He is truley risen, Hallelujah, halleljah, halleljah. ഇങ്ങനെയാണ് ആദിമക്രൈസ്തവർ പരസ്പരം അഭിവാദനം ചെയ്തിരുന്നത്. മിശിഹാ ഉയിർത്തെഴുന്നേറ്റു. അവൻ സത്യമായിട്ടും ഉയിർത്തെഴുന്നേറ്റു. ഹാലേലൂയ, ഹാലേലൂയാ, ഹാലേലൂയ. ആണ്ടുവട്ടത്തിലെ ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും വലിയ പുണ്യദിനങ്ങളായ പെസഹാ ത്രിദിനങ്ങളിലൂടെയാണ് നമ്മൾ കടന്നുപോയത്. അതിനു പരിസമാപ്തിയായിരിക്കുന്ന നമ്മുടെ കർത്താവും രക്ഷകനുമായിരിക്കുന്ന ഈശോമിശിഹായുടെ ആ ഉത്ഥാനതിരുന്നാള്, ആ വലിയ തിരുന്നാള് നമ്മൾ ആചരിക്കുന്ന ഈ അവസരത്തിൽ ഉയിർപ്പുതിരുന്നാളിന്റെഎല്ലാ അനുഗ്രഹങ്ങളും മംഗളങ്ങളും ഏറ്റവും ഹൃദ്യമായിട്ട് ഞാൻ നിങ്ങൾക്ക് ആശംസിക്കുകയാണ്.
എന്താണ് ഉയിർപ്പുതിരുന്നാൾ നമുക്ക് നല്കുന്ന സന്ദേശം ? പ്രിയപ്പെട്ടവരെ, സുവിശേഷത്തിൽ ഉയിർപ്പിനെപ്പറ്റി പറയുന്ന ആ ഭാഗങ്ങൾ നമ്മൾ നോക്കുകയാണെങ്കിൽ ആ സന്ദേശംവളരെ മനോഹരമായിട്ട് നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഈശോയുടെ കുരിശ് മരണത്തിന് ശേഷം, അവിടുത്തെ കല്ലറയിലാക്കിയതിനു ശേഷം പിറ്റേ ദിവസം അതിരാവിലെ ഭക്തജനങ്ങൾ കല്ലറയിലേക്ക് ചെന്നപ്പോൾ ദൈവദൂതൻ പറഞ്ഞു, ഭയപ്പെടേണ്ട ക്രൂശിതനായ ക്രിസ്തുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം, അവൻ ഇവിടെയില്ല, അവൻ അരുൾചെയ്തതുപോലെ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നെന്ന ആ വലിയ സന്തോഷത്തിന്റെ, പ്രത്യാശയുടെ സന്ദേശമാണ്, ഉയിർപ്പുതിരുന്നാളിന്റെ ഏറ്റവും വലിയ സന്ദേശം. അതാണ് നമ്മുടെ ക്രൈസ്തവവിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും പ്രിയപ്പെട്ടവരെ. ഈശോയെ കണ്ട ആ സ്ത്രീകളോട് ഈശോ പറയുകയാണ്, നിങ്ങൾ ഇവിടെ തമ്പടിച്ച് നില്ക്കരുത്, എന്റെ ശിഷ്യന്മാരുടെ അടുത്ത്, സഹോദരങ്ങളുടെ അടുത്ത് ചെന്ന് ഞാൻ ഉയിർത്തെഴുന്നേറ്റു എന്ന സന്ദേശം അറിയിക്കുവിൻ എന്ന് ഈശോ പറയുകയാണ്. അവർ ഓടി, ശിഷ്യന്മാരേ അറിയിച്ചപ്പോള് ശ്ലീഹന്മാരിൽ രണ്ട് പേര് പത്രോസ് ശ്ലീഹായും യോഹന്നാൻ ശ്ലീഹായും ഓടി കല്ലറയിലേക്ക് വരികയാണ്. അവര് കല്ലറയിലേക്ക് പ്രവേശിച്ച് ഈശോ യഥാർത്ഥത്തില് മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്തതെന്ന് വിശ്വസിക്കുന്നതാണ് നാം കണ്ടത്. അവിടെ ചെന്ന് മറ്റുള്ള ശ്ലീഹന്മാരെ അറിയിക്കുന്നു.അവരെല്ലാവാരും സന്തോഷഭരിതായി തീരുന്നു. മാത്രമല്ലാ, അവർ ലോകമെങ്ങും പോയി ആ വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത അറിയിക്കുന്നതാണ് ക്രൈസ്തവവിശ്വാസത്തിന്റെ സുവിശേഷ സന്ദേശമെന്ന് പറയുന്നത്. തോമാശ്ലീഹാ, ശ്ലീഹന്മാരെ, ആദ്യം ഈശോയെ കണ്ട അവസരത്തില് കൂട്ടത്തിൽ ഇല്ലായിരുന്നു എന്ന് സുവിശേഷം പറയുന്നുണ്ട്. പിന്നീട് തോമാശ്ലീഹായും കൂടി ഉണ്ടായിരുന്നപ്പോൾ കർത്താവ് പ്രത്യക്ഷപ്പെട്ട് തോമായെ വിളിച്ച് തന്റെ തിരുവിലാവിൽ തൊടാനായിട്ട് ആവശ്യപ്പെടുന്നത് നാം കാണുന്നുണ്ട്. എന്നിട്ട് തോമാശ്ലീഹാ എന്താണ് പറയുന്നത് ? എന്റെ കർത്താവേ എന്റെ ദൈവമേ എന്ന്. ഉത്ഥിതനായിരിക്കുന്ന ഈശോയെ നമ്മൾ കാണുകയും അനുഭവിക്കുകയും ആ ഈശോയെ, ഞാൻ, നമ്മളുടെ കർത്താവും രക്ഷകനുമായിട്ട് ഏറ്റുപറയുകയും ചെയ്യുന്നതാണ് ഉത്ഥാനത്തിന്റെ ഏറ്റവും വലിയ സന്ദേശം. അതാണ് ക്രൈസ്തവ വിശ്വാസം എന്നു പറയുന്നത്.തോമാശ്ലീഹായോട് കർത്താവ് പറഞ്ഞു. നീ കണ്ടതു കൊണ്ട് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. പ്രിയപ്പെട്ടവരെ, എങ്ങനെയാണ് നാം കാണാതെ വിശ്വസിക്കുക ? അങ്ങനെ ഈ പെസഹാ ത്രിദിനത്തിന്റെ ആദ്യത്തെ ദിവസമായിരിക്കുന്ന പെസഹാ വ്യാഴാഴ്ചയിൽ സംഭവിക്കുന്ന കാര്യങ്ങളിലേക്ക് നമ്മൾ ഒന്ന് ശ്രദ്ധ തിരിച്ചാൽ മതി. സുവിശേഷകൻ പറയുകയാണ്, ഈശോയെപ്പറ്റി, ഈ ലോകം വിട്ട് പിതാവിന്റെ പക്കലേക്ക്, പോകാനുള്ള സമയമായി എന്ന് അവൻ അറിഞ്ഞു. അവൻ തനിക്കുള്ളവരെ സ്‌നേഹിച്ചു, അവസാനം വരെ സ്‌നേഹിച്ചു, എന്നിട്ട് എന്താണ് ചെയ്തത്; അവരുടെ പാദങ്ങൾ കഴുകി. ശുശ്രൂഷയുടെ, സേവനത്തിന്റെ മാതൃക നല്കി. അതിനുശേഷം സ്‌നേഹത്തിന്റെ വലിയ കൂദാശയായ വിശുദ്ധ കുർബാന സ്ഥാപിച്ച് അവരോട് പറഞ്ഞു. നിങ്ങളെല്ലാവാരും ഒരുമിച്ച് കൂടുമ്പോൾ എന്റെ ഓർമ്മക്കായി ഇതു ചെയ്യുവിൻ എന്ന്. ശുശ്രൂഷ വഴിയായിട്ട്, മറ്റുള്ളവരെ സഹായിക്കുമ്പോള്, വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് ഈശോയുടെ തിരുസാന്നിധ്യം നമ്മൾ അനുഭവിക്കുമ്പോള്, തോമാശ്ലീഹായെപ്പോലെ നമുക്കും പറയാൻ സാധിക്കും, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന്. ഒരുകാര്യം കൂടി നമ്മൾ ചിന്തിക്കേണ്ടതുണ്ട്. പെസഹാ ത്രിദിനങ്ങളിലെ, രണ്ടാമത്തെ ദിവസമായിരിക്കുന്ന ദുഃഖവെള്ളിയാഴ്ച എന്താണ് സംഭവിച്ചത്. ശിഷ്യന്മാര് കരുതി, ഈ ലോകത്തിലെ പ്രഭുവായിട്ട്, ദാവീദിനെപ്പോലെ വലിയ രാജാവായിട്ട് സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കുന്ന ഒരുവനായിരിക്കും മിശിഹാ എന്നതായിരുന്നു. പക്ഷെ, ഈശോയുടെ സിംഹാസനം അവിടുത്തെ കുരിശായിരുന്നു. അവിടുത്തെ കിരീടം എന്നു പറയുന്നത്, മുൾകിരീടമായിരുന്നു. വളരെ വ്യത്യസ്തമായിരിക്കുന്ന അനുഭവത്തിലൂടെയാണ് മിശിഹാ കടന്നു പോയത്. സഹനത്തിന്റെ, വേദനയുടെ, ദുഃഖത്തിന്റെ, പരിത്യക്തയുടെ , അവസാനം കുരിശുമരണത്തിന്റെ. പ്രിയപ്പെട്ടവരെ നമ്മുടെ ജീവിതത്തിലും ഉത്ഥിനായിരിക്കുന്ന ഈശോയെ നമ്മൾ കണ്ടുമുട്ടണമെങ്കില് ജീവിതത്തിലുണ്ടാകുന്ന തിക്തമായിരിക്കുന്ന, നിഷേധാത്മകമായിരിക്കുന്ന, വേദനയുടെ, സഹനത്തിന്റെ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴ്, നിരാശരാകാതെ ഈശോയെ നമ്മൾ അനുകരിക്കുവാൻ സാധിക്കുമ്പോഴാണ്, ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നെങ്കില് അവൻ സ്വയം പരിത്യജിച്ച് അനുദിനം കുരിശ്‌മെടുത്ത് എന്റെ പിന്നാലെ വരട്ടെ എന്ന് നമ്മെ ആഹ്വാനം ചെയ്ത ആ മിശിഹായാണ് നമ്മുടെ കർത്താവും രക്ഷകനുമായിട്ട് ഉയിർക്കുന്ന ഈ ഉയിർപ്പ് ദിനം നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. പ്രിയപ്പെട്ടവരെ നമ്മുടെ അനുദിനജീവിതത്തില് ഈശോയെ കണ്ടുമുട്ടാൻ നമുക്ക് സാധിക്കണമെങ്കില് ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞതുപ്പോലെ ഇന്ന് വൃണിതനായിരിക്കുന്ന മിശിഹായുടെ വൃണത്തിൽ സ്പർശിച്ചുകൊണ്ട്, തോമാശ്ലീഹായെപ്പോലെ ആ വൃണങ്ങളില് ഈശോയുടെ വൃണത്തെ തിരിച്ചറിഞ്ഞുകൊണ്ട് എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് ഏറ്റുപറയാനായിട്ട് നമുക്ക് സാധിക്കണം. മറ്റുള്ളവരുടെ കാലുകഴുകാനായിട്ട് നമുക്ക് സാധിക്കുക. മറ്റുള്ളവരുടെ വേദനകളില് അവരോട് ഒപ്പം നില്ക്കാനായിട്ട് നമുക്ക് സാധിക്കുക. മറ്റുള്ളവരെ ആശ്വസിപ്പിക്കാനായിട്ട് നമുക്ക് സാധിക്കുക. മറ്റുള്ളവരുടെ വൃണങ്ങള് വച്ചുകെട്ടാനായിട്ട്സാധിക്കുക. അപ്പോഴ്,അപ്പോഴ് നമ്മുടെ ജീവിതത്തിലും വേദനയുടെയും ദുഃഖത്തിന്റെയും അനുഭവത്തിലൂടെ നമ്മൾ ആണ്ടുപോകുമ്പോഴ് പ്രത്യാശയുടെ ഉയിർപ്പിന്റെ ആ വലിയ സന്തോഷം അനുഭവിക്കാനായിട്ട് നമുക്ക് എല്ലാവർക്കും സാധിക്കും. എല്ലാവർക്കും ഒരിക്കൽ കൂടെ ഈ മഹാദിനത്തിന്റെ ഉയിർപ്പ് തിരുന്നാളിന്റെ മംഗളങ്ങളും അനുഗ്രങ്ങളും ആശംസിക്കുന്നു. ഈശോയുടെ സമാധാനം നമ്മുടെ ഹൃദയങ്ങളില് നമ്മുടെ കുടുംബങ്ങളില്, നമ്മുടെ ഭവനങ്ങളില്, നമ്മുടെ സമൂഹത്തില് നിറഞ്ഞു നില്ക്കാൻ ഇടവരുത്തട്ടെ. ദൈവം നമ്മളെല്ലാവരെയും സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ.